ഷാഹുൽ ബേപ്പൂർ
(സെക്രട്ടറി, കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി)
ആകാശം അടഞ്ഞുപോയ ദിനങ്ങൾ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കുവൈത്ത് വിമാനത്താവളം നിശ്ചലമായത് ആയിരക്കണക്കിന് പ്രവാസികളുടെ നെഞ്ചിലെ തീയായിരുന്നു. സന്ദർശന വിസയിൽ എത്തി നാട്ടിലേക്ക് മടങ്ങാൻ കാത്തുനിന്നവർ, അടിയന്തര ചികിത്സ തേടേണ്ട രോഗികൾ, പരീക്ഷയെഴുതാൻ നാട്ടിലെത്തേണ്ട വിദ്യാർത്ഥികൾ അങ്ങനെ നിസ്സഹായരായ മനുഷ്യർ എന്ത് വഴിയെന്നറിയാതെ പകച്ചുനിന്ന സാഹചര്യത്തിലാണ് കുവൈത്ത് കെ.എം.സി.സി ചാർട്ടേർഡ് വിമാനമൊരുക്കി അവർക്ക് തണലായി മാറിയത്.
ദുർഘടാവസ്ഥയിൽ കരമാർഗ്ഗം അതിർത്തി താണ്ടി, സൗദി വഴി വിമാനമൊരുക്കുക എന്ന സാഹസികമായ തീരുമാനം കൈക്കൊള്ളുമ്പോൾ ആശങ്കയുണ്ടായിരുന്നു. ഏപ്രിൽ ആറിന് ആദ്യ വിമാനം തയ്യാറായപ്പോൾ, ഉയർന്ന നിരക്ക് നൽകി ആളുകൾ എങ്ങനെ യാത്ര ചെയ്യും എന്നതായിരുന്നു പ്രധാന ഭയം. ഒപ്പം, നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായ കടമ നിർവ്വഹിക്കാൻ കെഎംസിസി അംഗങ്ങളെ നാട്ടിലെത്തിക്കുക എന്ന വലിയ ദൗത്യവും കൂടി കുവൈത്ത് കെ.എം.സി.സിക്ക് മുന്നിലുണ്ടായിരുന്നു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ 132 സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. എന്നാൽ ആ തിരക്കിനിടയിൽ, അടിയന്തരമായി പരീക്ഷ എഴുതാൻ നാട്ടിലെത്തേണ്ട ഒരു വിദ്യാർത്ഥിനിക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യം ഞങ്ങളെ ഏറെ വിഷമിപ്പിച്ചു. വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് തിരിക്കാനിരുന്ന കുവൈത്ത് കെ.എം.സി.സി സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് തന്റെ സീറ്റ് ആ കുട്ടിക്ക് വിട്ടുനൽകി.
ഖൈറാൻ മാളിൽ നിന്നും യാത്ര തുടങ്ങി ബസ് മാർഗ്ഗം സൗദി അതിർത്തികൾ പിന്നിട്ട്, ദമാം വിമാനത്താവളം വഴിയുള്ള ആ യാത്ര ഒടുവിൽ കൊച്ചിയിൽ ലാൻഡ് ചെയ്യുമ്പോൾ യാത്രക്കാരുടെ കണ്ണുകളിൽ കണ്ട സന്തോഷത്തിന്റെ തിളക്കം ഒരിക്കലും മറക്കാൻ കഴിയില്ല. കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പലരും നേരിട്ട് വിളിച്ച് കെഎംസിസിക്ക് നന്ദി അറിയിച്ചു. പിന്നീട് രണ്ട് വിമാനങ്ങൾ ഇതിനകം അയച്ചു. ഇനിയും വിമാനങ്ങൾ ചാർട്ടർ ചെയ്ത് പ്രവാസികൾക്ക് തണലൊരുക്കാനുള്ള പരിശ്രമത്തിലാണ് കെ എം സി സി ഭാരവാഹികൾ. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചു വരാനും ചാർട്ടർ വിമാനങ്ങളിൽ സൗകര്യമൊരുക്കി സംഘടന നടത്തിയത് സുപ്രധാന ദൗത്യമാണ്. പ്രവാസികൾക്ക് എന്നും ആശ്വാസവും തണലുമാകാനും, അവരുടെ ആകുലതകളിലും സന്തോഷത്തിലും കൂടെ നിൽക്കാനും സാധിക്കുന്നു എന്നതാണ് കെ.എം.സി.സികളുടെ ഏറ്റവും വലിയ സംഘടനാ വിജയം. ആ ചാരിതാർത്ഥ്യത്തോടെ കുവൈത്ത് കെ.എം.സി.സിയും സേവനരംഗത്ത് ഒരുപടി മുന്നിൽ തന്നെ ഇന്നും നിലകൊള്ളുന്നു.

