സമാധാനത്തിന്റെ മഞ്ഞ സൗരഭ്യവുമായി അൽ അർഫാജ്



മിസ്ഹബ് മാടമ്പില്ലത്ത്.✍️


പശ്ചിമേഷ്യൻ സംഘർഷക്കൾക്കിടയിലും, കുവൈത്തിന്റെ ഓരങ്ങളിലും മറ്റും തളിർത്ത് നിൽക്കുന്ന ദേശീയ പുഷ്പമായ അൽ അർഫാജ് മനുഷ്യമനസ്സുകളിൽ ഐക്യ സന്ദേശമായി പൂത്തുലഞ്ഞ് നിൽക്കുന്ന മനോഹര കാഴ്ച അത്യന്തം നയനാനന്ദകമായിരുന്നു.

ആശങ്കയുടെ ആകാശത്ത് ഇടക്കിടക്ക് ആക്രമണങ്ങൾ നടക്കുമ്പോൾ,  പ്രതിരോധ പ്രവർത്തനങ്ങളുടെ സൈറണുകൾ  അന്തരീക്ഷത്തിലും, പിന്നീട് മൊബൈലുകളിൽ നിറയുന്നതിനിടയിലും ആ ചെറുപുഷ്പം പ്രതീക്ഷയായി നിലകൊണ്ടു. പിന്നീടത് സോഷ്യമീഡിയയിലും, വാർത്താ മാധ്യമങ്ങളിലും വ്യാപകമായി ഇടം പിടിച്ചതോടെ വിപണന മേഖലയിലും അൽ അർഫാജ് താരമായി.

ആയിരക്കണക്കിനാളുകളുടെ ഹൃദയത്തിലെന്ന പോലെ ഇടനെഞ്ചിൽ നാലാൾ കാൺകെ അൽ അർഫാജ് ആലേഖനം ചെയ്യാൻ സ്വദേശി വിദേശി വ്യത്യാസങ്ങളില്ലാതെ മത്സരിക്കുന്നതാണ് നിലവിലെ സീൻ. ഇതിലൂടെ വല്ലാത്തൊരു മനോവീര്യം ആളുകൾ ലഭിക്കുന്നു എന്നതാണ് അതിന് കാരണം.

ലോകം വിറങ്ങലിച്ച് നിന്ന കൊറോണാ മഹാമാരിക്കും, യുദ്ധസാഹചര്യത്തിലുമൊക്കെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ കുവൈത്തിന്റെ ബഹുവന്ദ്യ അമീറുമാരും പിന്തുടർച്ചാവകാശികളും നമുക്ക് നൽകിയ കരുത്തും, കരുതലും ചെറുതായിരുന്നില്ല. ഭയവിഹ്വല നിറഞ്ഞ ദിനങ്ങളിൽ ഈ നാടിന്റെ ചേർത്ത് നിർത്തലിന്റെയും, പിന്തുണയുടെയും അടയാളമായി അൽ അർഫാജ് മാറി. 

അതി തീവ്ര ചൂടിനിടയിലും ഇടതൂർന്ന് ഒന്നിച്ച് നിൽക്കുന്ന ദേശീയ പുഷ്പം ഏത് പ്രതിസന്ധിക്കാലത്തും ഐക്യത്തോടെ നിന്നാൽ എന്തിനെയും അതിജീവിക്കാം എന്ന വലിയ പാഠമാണ് നമുക്ക് പകർന്ന് നൽകിയത്.  മഞ്ഞവർണ്ണത്തിൽ വരണ്ട മരുമണ്ണിനെ മാത്രമല്ല  അൽ അർഫാജ് വർണ്ണാഭമാക്കിയത്, ഭീതിനിറഞ്ഞ മനസ്സുകളെ കൂടിയായിരുന്നു.

DHARSHANAM MAGAZINE -APRIL 2026

Total views