മുസ്തഫ കാരി
ജനറൽ സെക്രട്ടറി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി.
കേരളം മാറ്റത്തിന്റെ മഹാമന്ത്രം ഉരുവിട്ടു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമായ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ, പോളിംഗ് ബൂത്തുകളിൽ ദൃശ്യമായ അഭൂതപൂർവ്വമായ ജനമുന്നേറ്റം യു.ഡി.എഫിന്റെ തിരിച്ചു വരവിനുള്ള വ്യക്തമായ വിളംബരമാണ്. സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ തെളിവാണ്. ഇരുളടഞ്ഞ ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങൾ ആവേശത്തോടെ ബാലറ്റ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത് യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണ്ണായകമായ ഘടകം ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വ്യക്തമായ ഏകീകരണമാണ്. വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ യു.ഡി.എഫിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മലബാറിലെ കോട്ടകൾ ഭദ്രമാക്കിയും വടക്കൻ കേരളത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ചും യു.ഡി.എഫ് കരുത്ത് തെളിയിച്ചു കഴിഞ്ഞു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മുന്നണി കാണിച്ച ജാഗ്രത ജനങ്ങൾ നെഞ്ചേറ്റി എന്നതിന് തെളിവാണ് ബൂത്തുകളിൽ നിന്നുള്ള ശുഭസൂചനകൾ.
മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ക്രൈസ്തവ സഭകൾ യു.ഡി.എഫിന് നൽകിയ ശക്തമായ പിന്തുണ എടുത്തു പറയേണ്ടതാണ്. കർഷകരുടെയും സാധാരണക്കാരുടെയും ആശങ്കകൾ ഗൗരവമായി ഏറ്റെടുത്ത ഐക്യജനാധിപത്യ മുന്നണിയോടൊപ്പം സഭകളും സമുദായങ്ങളും ഉറച്ചുനിന്നു. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിലും റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ചയിലും യു.ഡി.എഫ് മുന്നോട്ടുവെച്ച ഉറപ്പുകൾ ജനങ്ങളിൽ വലിയ വിശ്വാസമുണ്ടാക്കി. മധ്യകേരളത്തിലെ പരമ്പരാഗത വോട്ടുകൾ തിരിച്ചുവരുന്നത് മുന്നണിയുടെ വൻ വിജയത്തിന് വഴിയൊരുക്കും.
അഴിമതിക്കും നികുതിക്കൊള്ളയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾ നൽകിയ ഈ വലിയ പിന്തുണ ഐശ്വര്യപൂർണ്ണമായ ഒരു കേരളത്തിലേക്കുള്ള ചവിട്ടുപടിയാണ്. വോട്ടെണ്ണൽ കഴിയുമ്പോൾ കേരളം യു.ഡി.എഫിന്റെ കരങ്ങളിൽ സുരക്ഷിതമാകുമെന്നും, നാട് വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ പാതയിലേക്ക് നീങ്ങുമെന്നും നമുക്ക് ഉറച്ചു വിശ്വസിക്കാം. ജനാധിപത്യത്തിന്റെ ഈ മഹാവിജയം ഓരോ മലയാളിയുടേതുമാണ്.

