പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ തടഞ്ഞ് സമാധാനം അകലെ?



ഫാറൂഖ് ഹമദാനി 


അമേരിക്കയും ഇസ്രയേലും ഇറാനെതിരെ തുടങ്ങിയ സൈനിക നടപടി 'ഓപ്പറേഷൻ എപ്പിക്ക് ഫ്യുറി' ലോകത്തിന് എന്താണ് നൽകിയത്? ഇറാനിൽ നിലവിലെ ഇസ്ലാമിക ഭരണ സംവിധാനത്തെ അട്ടിമറിച്ച് പുതിയ ഭരണകൂടത്തെ അധികാരത്തിൽ കൊണ്ടുവരുമെന്നായിരുന്നു ഒരു പ്രഖ്യാപനം. ഇറാന്റെ സൈനിക ശേഷി നശിപ്പിക്കുക, ആണവ ശക്തിയാവുന്നത് തടയുക എന്നിവയായിരുന്നു മറ്റു യുദ്ധ ലക്ഷ്യങ്ങൾ. 2026 മാർച്ച് -28ന് തുടങ്ങിയ യുദ്ധം ഇതെഴുതുന്നത് വരെ (രണ്ടു മാസത്തോളമായി)അവസാനിച്ചിട്ടില്ല. ഇപ്പോൾ താൽക്കാലിക വെടി നിർത്തൽ മാത്രമാണുള്ളത്. നാലു പതിറ്റാണ്ടിലധികം കാലം ആഗോള സാമ്പത്തിക ഉപരോധം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇറാൻ. ലോകത്തിലെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായ അമേരിക്കയും, മികച്ച സൈനിക സംവിധാനങ്ങളും  സാങ്കേതിക മികവുമുള്ള ഇസ്രയേലുമാണ് യുദ്ധത്തിന് പുറപ്പെട്ടിട്ടുള്ളത് . അമേരിക്ക - ഇസ്രയേൽ സഖ്യ ശക്തികളുടെ അത്യന്താധുനിക യുദ്ധോപകരണങ്ങൾക്ക് മുമ്പിൽ അപരിഷ്‌കൃത ആയുധങ്ങളുമായി ഇറാന് 48മണിക്കൂറിലധികം പിടിച്ചു നിൽക്കാനാകില്ലെന്നായിരുന്നു അമേരിക്കയുടെ വാദം. വ്യോമാക്രമണത്തിനു മുമ്പിൽ ഒരാഴ്ചയിലധികം ഇറാന് പിടിച്ചു നിൽക്കാനാകില്ലെന്ന വിലയിരുത്തലായിരുന്നു പശ്ചിമേഷ്യയിലെ മിക്ക രാഷ്ട്രീയ നിരീക്ഷകർക്കുമുണ്ടായിരുന്നത്. 

യുദ്ധത്തിന്റെ ആദ്യ നാളുകളിൽ അതി ശക്തമായ വ്യോമാക്രമണമാണ് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയത്. ഇറാന്റെ മുൻ നിര രാഷ്ട്ര നേതാക്കളെ മിസൈലാക്രമണത്തിൽ കൊലപ്പെടുത്തിയത് ആ രാജ്യത്തെ നടുക്കി. ഇറാന്റെ ആത്മീയ നേതാവ് ഖാംനഇ അടക്കം കൊല്ലപ്പെട്ടത് ഇറാന്റെ പതനത്തിന്റെ  തുടക്കമായി വിലയിരുത്തിയവരുണ്ട്.   ഇറാന്റെ അത്യാധുനിക 'ഫത്തഹ്-2' ഹൈപ്പർസോണിക് മിസൈലുകളും 'ഷാഹെദ്-238' ആത്മഹത്യാ ഡ്രോണുകളും ഇസ്രയേലിനെയും അമേരിക്കൻ ക്യാമ്പുകളെയും ലക്‌ഷ്യം വെച്ചു. അമേരിക്കയുടെ അഭിമാനമായ യുദ്ധ കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ പിടിച്ചെടുത്തു. 

ഇറാൻ യുദ്ധത്തിനെതിരെ അമേരിക്കയിൽ  വലിയ ജനരോഷമുണ്ടായി. സൈനിക - ഇന്റലിജൻസ്  നേതൃത്വവും യുദ്ധം അനാവശ്യമെന്ന അഭിപ്രായമുയർത്തി. അമേരിക്കയുടെ ദേശീയ  ഭീകര വിരുദ്ധ വിഭാഗം ഡയറക്ടർ ജോ കെന്റ് ഇറാനെതിരെയുള്ള യുദ്ധം അനാവശ്യമെന്ന് പ്രഖ്യാപിച്ച് രാജി നൽകി. യുദ്ധ വിരുദ്ധ നിലപാട് സ്വീകരിച്ച പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥർക്ക് യു എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്  നിർബന്ധിത റിട്ടയർമെന്റ് നൽകുകയായിരുന്നു. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജ്, ഡേവിഡ് ഹോഡ്‌നെ, മേജർ ജനറൽ വില്യം ഗ്രീൻ എന്നിവരടങ്ങുന്ന വൻ ടീമിനെയാണ് പിരിച്ചുവിട്ടത്.  ജനറൽ റാൻഡി ജോർജ്  നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു. "ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെ ഒരു മനോരോഗി നശിപ്പിക്കും."   "കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇറാൻ സാങ്കേതികമായി ഒരു യുദ്ധവും തോറ്റിട്ടില്ല. എട്ടു വർഷത്തോളമാണ് ഇറാൻ ഇറാഖുമായി യുദ്ധം ചെയ്തത്. അവർക്ക് പോലും ഇറാനിൽ ഒരു ആധിപത്യം നേടിയെടുക്കാനോ വിജയം ഉണ്ടാക്കാനോ പറ്റിയിട്ടില്ല. യുദ്ധം അനിശ്ചിതമായി നീളുമെന്നല്ലാതെ നമ്മൾ ജയിക്കാൻ പോകുന്നില്ല."

അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളൊന്നും യുദ്ധത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചില്ല. ഹോർമുസ് തുറക്കുന്നതിൽ ഇടപെടാൻ അമേരിക്ക നാറ്റോ സഖ്യത്തോട് ആവശ്യപ്പെട്ടെങ്കിലും അവർ മുഖവിലക്കെടുത്തില്ല. അമേരിക്കൻ - ഇസ്രായേൽ സഖ്യത്തോടൊപ്പം പരസ്യമായി നിലപാട് സ്വീകരിക്കാൻ ലോകത്തിലെ പ്രധാന രാജ്യങ്ങൾ ഒന്നും ഇതുവരെ തയാറായില്ലെന്നതിന്റെ അർഥം യുദ്ധത്തിൽ അമേരിക്ക നയതന്ത്ര പരമായി വലിയ പരാജയമായി എന്നുതന്നെയാണ്. ഗൾഫ് രാജ്യങ്ങൾ പോലും പൂർണമായി അമേരിക്കക്കൊപ്പം നിൽക്കുന്നില്ല. ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഇറാനെ ആക്രമിക്കാൻ തങ്ങളുടെ ഭൂമി ഉപയോഗിക്കരുതെന്ന് അമേരിക്കയോട് തുറന്നുപറഞ്ഞു. ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് (Strait of Hormuz) സൈനിക ശക്തി ഉപയോഗിച്ച് തുറക്കാനുള്ള നീക്കത്തിനും തിരിച്ചടി നേരിട്ടു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ (UNSC) കൊണ്ടുവന്ന പ്രമേയത്തെ സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്ന് തടയുകയായിരുന്നു. ചുരുക്കത്തിൽ ഇറാനിൽ ഭരണ മാറ്റ കൊണ്ടുവരിക, സൈനിക ശേഷിയും ആണവ സാധ്യതകളും തകർക്കുക എന്ന ലക്‌ഷ്യം പ്രഖ്യാപിച്ച് അമേരിക്കയും ഇസ്രയേലും തുടങ്ങിയ യുദ്ധം ഹോർമുസ് കടലിടുക്ക് എന്ന ഇറാൻ സൃഷ്ടിച്ച പുതിയ  തർക്ക വിഷയത്തിലെത്തി നിൽക്കുന്നുവെന്നതാണ് യുദ്ധത്തിന്റെ പരിണതി.

DHARSHANAM MAGAZINE -APRIL 2026

Total views