ലെനിനിസവും മാർക്സിസവും: അധികാരത്തിന്റെ മറവിൽ ചോർന്നുപോകുന്ന സിദ്ധാന്തം



ബഷീർ അഹമ്മദ് ഫർഹത്ത്


കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാഷ്ട്രീയ എതിരാളികളിൽ നിന്നല്ല, മറിച്ച് സ്വന്തം സിദ്ധാന്തപരമായ വ്യതിയാനത്തിൽ നിന്നാണ്. നേതാക്കളുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും നിരന്തരം പരിശോധിക്കുമ്പോൾ, ലെനിനിസവും മാർക്സിസവും പാർട്ടിയിൽ പേരിലൊതുങ്ങിയ അലങ്കാരവാക്കുകളായി മാറിയെന്ന ആരോപണം അതിശയോക്തിയല്ലെന്ന് ബോധ്യപ്പെടുന്നു. പുറമേ ചുവപ്പിന്റെ തിളക്കമുണ്ടെങ്കിലും, ഉള്ളടക്കത്തിൽ ആശയശൂന്യതയാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. സിദ്ധാന്തപരമായ ഉറപ്പിന്റെ ഭ്രമം മാത്രമാണ് ഇന്ന് പല നേതൃപ്രതികരണങ്ങളും സൃഷ്ടിക്കുന്നത്.

പത്രസമ്മേളനങ്ങളിലും പൊതുപ്രസ്താവനകളിലും ആവർത്തിക്കപ്പെടുന്ന ന്യായീകരണങ്ങൾ, പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിൽ പൂർണ്ണ പരാജയമാണ്. സ്വജനപക്ഷപാതവും ക്രമക്കേടുകളും അഴിമതിയും ആരോപിക്കപ്പെടുന്ന ഓരോ ഘട്ടത്തിലും, “പാർട്ടി” എന്ന വാക്ക് ഒരു രക്ഷാകവചമായി ഉപയോഗിച്ച് വ്യക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്, ലെനിനിസത്തിന്റെയും മാർക്സിസത്തിന്റെയും  ആത്മാവിനെ പരിഹസിക്കുന്നതിനു തുല്യമാണ്. പാർട്ടി എന്നത് അധികാരത്തിൽ തുടരാനുള്ള ഉപകരണമല്ല;  ലെനിൻന്റെയും കാറൽ മാർക്സിന്റെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ, ജനങ്ങളുടെ പക്ഷത്ത് നിൽക്കേണ്ട  സംഘടനയാണ്.

പാർട്ടിയിലെ ഒരാൾ തെറ്റ് ചെയ്താൽ, അത് തുറന്നുപറഞ്ഞ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മൗലിക ധർമ്മം. അതിന് പകരം, മറ്റ് പാർട്ടികളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി സ്വന്തം പിഴവുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കപടതയുടെ ഏറ്റവും മോശം രൂപമാണ്. ലെനിനിസവും മാർക്സിസവും പഠിപ്പിക്കുന്നത് തെറ്റ് സമ്മതിക്കുന്ന ധൈര്യവും, അതിൽ നിന്ന് പഠിച്ച് സ്വയം തിരുത്താനുള്ള ശേഷിയുമാണ്; അല്ലാതെ അധികാരത്തിന്റെ മറവിൽ തെറ്റുകളെ വെള്ളപൂശുന്ന നൈപുണ്യമല്ല.

ഒരു ഇടതുപക്ഷ പാർട്ടി നിലകൊള്ളേണ്ടത് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പമാണ്. അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും കൂടെ നിൽക്കുമ്പോൾ, പാർട്ടി സ്വന്തം സൈദ്ധാന്തിക  അടിത്തറ തന്നെ തകർക്കുകയാണ്. അതോടൊപ്പം, പാർട്ടിയുടെ അടിസ്ഥാന തത്വവും ചരിത്രബോധവും അറിയാൻ ശ്രമിക്കാത്ത, പഠനമില്ലാത്ത സൈബർ ഗുണ്ടകൾ പാർട്ടിയുടെ ശബ്ദമായി മാറുന്ന അവസ്ഥ, സിപിഎമ്മിനെ ഒരു ആശയപ്രസ്ഥാനത്തിൽ നിന്ന് ഒരു ഡിജിറ്റൽ കലാപസംഘമായി താഴ്ത്തുന്നുവെന്ന ഗുരുതര വിമർശനവും ഉയർത്തുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ ഇവരെ നിയന്ത്രിക്കാനും രാഷ്ട്രീയ വിദ്യാഭ്യാസം പുനഃസ്ഥാപിക്കാനും നേതൃത്വം തയ്യാറാകാത്ത പക്ഷം, പാർട്ടിയുടെ വിശ്വാസ്യത കൂടുതൽ വേഗത്തിൽ ചോര്ന്നുപോകും. ആശയത്തേക്കാൾ അധികാരത്തിന് മുൻതൂക്കം നൽകുന്ന രാഷ്ട്രീയം ദീർഘകാലം നിലനിൽക്കില്ല. സിപിഎം ആ സത്യം തിരിച്ചറിയാതെ പോയാൽ, പാർട്ടി എന്ന പേര് മാത്രം ശേഷിക്കുകയും, അതിന്റെ ആത്മാവ് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നീങ്ങുകയും ചെയ്യുന്ന ദിവസം അകലെയല്ല.

DHARSHANAM MAGAZINE -APRIL 2026

Total views