കുട്ടികളെ കൊലക്ക്‌ കൊടുക്കുന്ന മോട്ടോർ സൈക്കിളുകൾ ‌


താജുദ്ധീൻ നന്തി


കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ  16 വയസ്സ് മാത്രം പ്രായമുള്ള പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂട്ടർ അപകടത്തെതുടർന്ന് മരണപ്പെടുകയുണ്ടായി. ബിലാൽ എന്ന കുട്ടിയാണ്‌ മരണത്തിനു കീഴടങ്ങിയത്‌. കൂടെ യാത്ര ചെയ്ത 3 കുട്ടികൾക്ക് സാരമായ പരിക്കേൽക്കുകയുമുണ്ടായി.  അപകടത്തിൽ മരണമടഞ്ഞ കുട്ടിക്ക് പ്രായ പൂർത്തിയായിട്ടില്ല, ഓടിച്ച കുട്ടിക്ക് ലൈസൻസില്ല, വണ്ടിക്ക് രെജിസ്ട്രേഷൻ ഇല്ല എന്നൊക്കെയാണ് വാർത്തകളിൽ നിന്ന് മനസിലാക്കിയത്. 

2019 ൽ പരിഷ്കരിച്ച മോട്ടോർ വാഹന നിയമപ്രകാരം പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ കുട്ടിയുടെ രക്ഷിതാവോ, അല്ലെങ്കിൽ വാഹനത്തിന്റെ ഉടമയോ ആണ് ഉത്തര വാദി എന്നതാണ് നിയമം. അവർക്കെതിരെ 3 വർഷം തടവും, 25,000 രൂപ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ധാക്കാനും നിലവിലുള്ള നിയമം അനുശാസിക്കുന്നുണ്ട്. കൂടാതെ കുട്ടിക്ക് 25 വയസ്സ് കഴിയുന്നതിനു മുൻപ് ലൈസൻസ് ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും, ജ്യൂവനൈൽ ജസ്റ്റിസ്‌ ആക്ട് പ്രകാരം കുട്ടിക്കെതിരെ കേസും, വിചാരണയും നേരിടേണ്ടിയും വരും. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുകയും, അപകടത്തിൽ മരണം സംഭവിക്കുകയോ, മറ്റാർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്‌താൽ അതിന്റെ സാമ്പത്തിക ബാധ്യത രക്ഷിതാവോ, ഉടമയോ വഹിക്കേണ്ടി വരികയും ചെയ്യും. ഇങ്ങനെയൊക്കെ വളരെ കർക്കശവും, ശക്തവുമായ മോട്ടോർ വാഹന നിയമങ്ങൾ നമുക്കുണ്ട്. എന്നിരുന്നാലും നിയമം പാലിക്കാൻ പലപ്പോഴും നമ്മുടെ സമൂഹം ഉദാസീനത  കാണിക്കുന്നു.

പ്രായ പൂർത്തിയാകാത്ത സ്കൂൾ കുട്ടികൾ ഗിയറില്ലാത്ത, CC കുറഞ്ഞ എന്നാൽ നിയമ പ്രകാരം ലൈസൻസും, ഹെൽമറ്റും നിർബന്ധമായ സ്‌കൂട്ടറുകൾ പൊതു നിരത്തുകളിൽ ഉപയോഗിക്കുന്നത് വ്യാപകമായി കാണുന്നുണ്ട്. ഇതിൽ മിക്കതും രക്ഷിതാക്കളുടെ അറിവോടെയും അനുവാദത്തോടെയുമാണ് എന്നതാണ്‌ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടത്‌. ഇത്തരം രക്ഷിതാക്കൾ സ്വന്തം മക്കളെ കൊലക്ക് കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. മാത്രമല്ല; നിയമം പാലിച്ചു ജീവിക്കാൻ മക്കളെ പരിശീലിപ്പിക്കേണ്ട രക്ഷിതാക്കൾ തന്നെ നിയമം ലംഘിക്കാനുള്ള പരിശീലനവും, പ്രേരണയുമാണ് നൽകിക്കൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടി വരുന്നു. 

ലൈസൻസോ, ഹെൽമറ്റോ നിയമ പ്രകാരം നിർബന്ധമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകൾ ആണ് മറ്റൊന്ന്. സാങ്കേതികമായി നിയമത്തിന്റെ വിലക്കുകൾ ഇല്ല എങ്കിലും ലൈസൻസ് ആവശ്യമുള്ള ഒരു സ്‌കൂട്ടർ കുട്ടികളുടെ കയ്യിൽ കിട്ടിയാൽ ഉണ്ടായേക്കാവുന്ന എല്ലാ അപകട സാധ്യതയും ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറിലും ഉണ്ട്‌. പക്ഷെ പല രക്ഷിതാക്കളും കുട്ടികൾക്ക് ഇലക്ട്രിക്‌ സ്കൂട്ടറുകൾ വാങ്ങി നൽകുന്നുണ്ട്‌. ഇവയുടെ പല വേരിയൻറ്കളും റോഡ് നിയമങ്ങളിലെ പല ക്ലോസുകൾക്കും പുറത്താണ് എന്നത് പല രക്ഷിതാക്കളും അവസരമായി കാണുന്നുവെന്നതാണ്‌ ഖേദകരം.

DHARSHANAM MAGAZINE -APRIL 2026

Total views