മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും അഭിമാനവും കരുത്തുമായിരുന്നു പത്തായക്കോടൻ സീതി ഹാജി.കർമ്മം കൊണ്ടും ധീരത കൊണ്ടും ജനമനസ്സുകളിൽ ഇടം നേടിയ മഹാനായ നേതാവായിരുന്നു മർഹൂം സീതിഹാജി.മുസ്‌ലിം ലീഗിനെ ജനകീയമാക്കുന്നതിലും,ബഹുജന അടിത്തറ പാകുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി,എം.എൽ.എ,ഗവണ്മെന്റ് ചീഫ് വിപ്പ്,ചന്ദ്രിക ഡയറക്ടർ,ഉജ്ജ്വലനായ രാഷ്ട്രീയ നേതാവ്,അജയ്യനായ ഭരണകർത്താവ്,സാധാരണ മനുഷ്യർക്കൊപ്പം ഇഴുകി ചേർന്ന പൊതുജീവിതം...അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് സീതിഹാജിക്ക്.
മലപ്പുറം എടവണ്ണയിലെ പത്തായക്കോടൻ ഉമ്മറിന്റെ മകനായി,1932നാണ് ജനനം.എടവണ്ണയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പത്തായക്കോടന്‍ സീതിക്കോയ കേരളമാകെ അറിയപ്പെടുന്ന സീതിഹാജിയായി മാറിയതിനു പിന്നില്‍ സംഭവ ബഹുലമായ സമർപ്പണത്തിന്റെ കഥകളുണ്ട് പറയാൻ.ദാരിദ്ര്യത്തിൻ്റെ കയ്പ്പുനീർ കുടിച്ച് പ്രയാസങ്ങൾ ഏറെ നിറഞ്ഞൊരു ജീവിത സാഹചര്യത്തിൽ പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസിൽ വെച്ച് തന്നെ അവസാനിപ്പിക്കേണ്ടി വന്ന ബാല്യം.കടുംബത്തിന്റെ പട്ടിണി മാറ്റാനായി ചെറുപ്രായത്തിൽ മരക്കച്ചവടത്തിലേക്ക് വന്നു.ചാലിയാറിലൂടെ മരങ്ങള്‍ കൂട്ടിക്കെട്ടി തിരപ്പനുണ്ടാക്കി നിലമ്പൂരില്‍ നിന്ന് കല്ലായിലേക്ക് മരങ്ങള്‍ എത്തിച്ചുക്കൊണ്ട് പ്രതിസന്ധികൾ നിറഞ്ഞ ജീവിതം നീന്തിക്കയറി,കഠിനാധ്വാനത്തിലൂടെ അറിയപ്പെടുന്ന മരവ്യവസായി അദ്ദേഹം മാറി.പിന്നീട് വലിയ രാഷ്ട്രീയ നേതാവായി ഉയർന്നപ്പോഴും,കല്ലായിലിലൂടെ പോകമ്പോൾ പുഴയിലെ ആ കറുത്ത ചെളിവെള്ളം നോക്കി സീതിഹാജി പറയുമായിരുന്നു.'' ഈ ചെളിയിലൊക്കെ ഞമ്മൾ എത്ര കഷ്ടപ്പെട്ടതാണ്.''
പ്രയാസങ്ങളുടെയും ഇല്ലായ്മയുടെയും ബാല്യ-കൗമാരങ്ങളിൽ നിന്നും നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ഉയരങ്ങളിൽ എത്തിയ സീതി ഹാജിയുടെ ജീവിതം നിരവധി പാവങ്ങൾക്ക് പിന്നീട് തണലായി മാറുന്നതാണ് നാട് കണ്ടത്.സ്വപ്രയത്നത്താൽ താൻ നേടിയെടുത്തതെല്ലാം ജനിച്ച് വളർന്ന നാടിനും നാട്ടുകാർക്കും വേണ്ടി സമർപ്പിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചില്ല ഈ കരുണാർദ്രനായ മനുഷ്യൻ."പാവങ്ങളെ ചേർത്തുപിടിക്കുന്നത് ബാപ്പയുടെ ശീലമായിരുന്നു.ആര് എന്ത് ആവശ്യവുമായി വന്നാലും അവരെ പരിഗണിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ബാപ്പ സമയം കണ്ടെത്തി.ആ മാതൃക തന്നെയാണ് എനിക്കും ജീവിതത്തിൽ പ്രചോദനമായത്.."മകൻ പി കെ ബഷീർ പ്രിയ പിതാവിന്റെ ജീവിതത്തെ അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നതിങ്ങെനെയാണ്.
സീതി ഹാജിയുടെ ഏറനാടൻ ശൈലിയിലുള്ള പ്രസംഗവും നർമ്മവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൊണ്ടോട്ടിയെ നാലു തവണയും താനൂരിനെ ഒരു തവണയും പ്രതിനിധീകരിച്ചപ്പോഴും നിയമസഭക്ക് അകത്തും പുറത്തും തന്റെ സ്വതസിദ്ധമായ ഏറനാടൻ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച്,കുറിക്ക് കൊള്ളുന്ന മറുപടികൾ പറയുന്ന സീതി ഹാജിയുടെ പ്രഭാഷണങ്ങൾ ആകർഷണീയമായിരുന്നു.തന്റെ നിലപാടുകൾ ആരുടെയും മുഖത്ത് നോക്കി സധൈര്യം പറയുമ്പോഴും വ്യക്തി ബന്ധങ്ങൾക്ക് അമൂല്യമായ പ്രാധാന്യം നൽകാൻ അദ്ദേഹം ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ല.ഒരേ സമയം എതിരാളികളെ വിമർശിക്കുവാനും അവരുമായി സൗഹൃദബന്ധം കാത്തു സൂക്ഷിക്കുവാനും കഴിയുന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.നിയമസഭയിൽ മുഖ്യമന്ത്രി നയനാരും സീതി ഹാജിയും തമ്മിലുള്ള ഹാസ്യം നിറഞ്ഞ"വാക്ക്പോരാട്ടങ്ങൾ"പതിവായിരുന്നു.പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും ആർജ്ജവത്തോടെ പറഞ്ഞിരുന്ന സീതി ഹാജി നർമ്മം കൊണ്ട് എതിരാളികളെ പോലും പോലും ചിരിപ്പിക്കുമായിരുന്നു.ഗവൺമെൻ്റ് ചീഫ് വിപ്പായിരിക്കെ 1991 ഡിസംബർ 5 നാണ് അദ്ദേഹം ഈ ലോകത്തോട് യാത്രയായത്.ആഴമേറിയ നന്മകളുടെ ഒരു മഹത്തായ മാതൃകാജീവിതം സഫലമാക്കിയ നേതാവെന്ന നിലയിൽ മഹാനായ സീതി ഹാജിയെ പുതിയ കാലം ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.

